മുംബൈ: മേൽപ്പാല നിർമാണത്തിനിടെ പൈലിംഗ് മെഷീൻ തകർന്നു വീണ് പൊലീസ് കോൺസ്റ്റബിൾ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിയോൺ–പൻവേൽ ഹൈവേയിൽ മൻഖുർദ് ടി-ജംഗ്ഷൻ സമീപത്താണ് അപകടം നടന്നത്.
നെഹ്റു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സന്തോഷ് ഗോപാൽ ചവാൻ ആണ് മരിച്ചത്. തറയിൽ സുരക്ഷിതമായി ഉറപ്പിക്കാതിരുന്ന പൈലിംഗ് യന്ത്രം നിയന്ത്രണം വിട്ട് മറിഞ്ഞ് അദ്ദേഹത്തിന്റെ മേൽ പതിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ മേഖലയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സംഭവം ഗുരുതര ആശങ്ക ഉയർത്തിയിരിക്കുകയാണ്.
അപകടത്തെ തുടർന്ന് സിയോൺ–പൻവേൽ ഹൈവേയും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയും ഉൾപ്പെടെ കിഴക്കൻ മുംബൈയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിയ ശേഷം ട്രാഫിക് പൊലീസിന്റെ ഇടപെടലിൽ ഗതാഗതം സാധാരണ നിലയിലാക്കി.




