തൃശൂർ: ആനക്കല്ലിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അവണിശേരി സ്വദേശിനിയായ ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ജോലിക്കായി പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശിവപ്രസാദ് ഭാര്യയെ മുറിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തി ഉണ്ണിമായയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലയ്ക്ക് ശേഷം വീട്ടിൽ നിന്നു രക്ഷപ്പെട്ട ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ച് പൊലീസ് പിടികൂടി. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ശിവപ്രസാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.




