തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതോടെ അടുത്ത കറന്റ് ബിൽ കൂടുമെന്ന് ഉറപ്പായി. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാല്‍ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സര്‍ചാര്‍ജ് രൂപത്തില്‍ ഈടാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സര്‍ചാര്‍ജ് പിരിച്ചിരുന്നില്ല.
പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവര്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലടയ്ക്കുന്നവര്‍ക്കും സര്‍ചാര്‍ജ് ബാധകമായിരിക്കും. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നല്‍കേണ്ടി വരിക.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡുകള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബിയുടെ നടപടി.











