കാസർകോട്: കാലിക്കടവിൽ 139.290 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ അന്താരാഷ്ട്ര ലഹരി ഇടപാട് സംഘത്തിലെ പ്രധാന കണ്ണികളെ കേരള പൊലീസ് പിടികൂടി. ഗുജറാത്ത് സ്വദേശിനി റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിലെ പ്രധാന ഇടനിലക്കാരിയെന്നാണ് പൊലീസിന്റെ നിഗമനം. പണം ഇടപാടുകൾ നിയന്ത്രിക്കുന്നത് ഘാന സ്വദേശി വിക്ടർ ദസാബയാണെന്നും പൊലീസ് കണ്ടെത്തി.
കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്തർസംസ്ഥാന ലഹരി ശൃംഖലയുമായി ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീർ കെ. (33)നെ ഈ മാസം 19ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനിയായ സാത്തി ഷേഖിനെ കണ്ടെത്തിയത്.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒളിവിൽ കഴിയുകയായിരുന്ന സാത്തി ഷേഖിനെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് നടത്തിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
കേരളത്തിലെ എംഡിഎംഎ ശൃംഖലയിലെ പ്രധാനിയെന്ന് പൊലീസ് കരുതുന്ന ഘാന സ്വദേശി വിക്ടർ ദസാബയെയും കൊല്ലത്ത് നിന്ന് പിടികൂടി. കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നടക്കാവ്, കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
കാലിക്കടവിൽ 139.290 ഗ്രാം എംഡിഎംഎ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കേസിലെ പ്രതികൾ പൊലീസിന്റെ പിടിയിലായത്. കേസിൽ റിമാൻഡിലായിരുന്ന നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി. പെരുമ്പാവൂർ സ്വദേശികളായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ദുൾ സലാം, പി.എ. അബ്ബാസ്, സൈനുലാബിദീൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇവരെ വീണ്ടും ജയിലിലേക്ക് മാറ്റി. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.












