തിരുവനന്തപുരം: ചിറയിൻകീഴ് ആനത്തലവട്ടത്ത് ബിജെപി പ്രവർത്തകന്റെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീയിട്ടുനശിപ്പിച്ച സംഭവത്തിൽ ബിജെപി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
തിങ്കളാഴ്ച രാവിലെ പത്തിന് ചിറയിൻകീഴ് പണ്ടകശാലയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് സ്റ്റേഷനുമുന്നിൽ പോലീസ് തടഞ്ഞു. ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ്.ആർ. റജികുമാർ ധർണ ഉദ്ഘാടനം ചെയ്തു.
ആനത്തലവട്ടത്ത് വാഹനങ്ങൾ കത്തിനശിപ്പിച്ച സംഭവത്തിലും ബിജെപി സ്ഥാനാർഥിയുടെ വീട് തീവെച്ച് നശിപ്പിക്കാൻ ശ്രമിച്ച കേസിലും അക്രമികളെ പിടികൂടാൻ പോലീസിന് സാധിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. വിവിധ വാർഡുകളിലെ സ്ഥാനാർഥികൾ ഉൾപ്പെടെ നൂറോളം പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.






