മുംബൈ: പുണെയിലെ ഭോർ മേഖലയെ നടുക്കിയ ക്രൂരസംഭവത്തിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.
സ്കൂൾ അവധിക്കാലമായതിനാൽ അമ്മവീട്ടിൽ താമസിക്കാനെത്തിയ കുട്ടിയെ പ്രതി ആഹാരം നൽകാമെന്ന് പ്രലോഭിപ്പിച്ച് സമീപത്തെ കന്നുകാലി ഷെഡ്ഡിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് അവിടെവെച്ച് കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായാണ് പോലീസ് പറയുന്നത്.
കുട്ടിയെ ഏറെനേരം കാണാതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഷെഡ്ഡിന് സമീപം കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി.
സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പോലീസ് ഔട്ട്പോസ്റ്റിന് മുന്നിൽ കുത്തിയിരുന്നു. തുടർന്ന് മുംബൈ-ബെംഗളൂരു ഹൈവേ ഉപരോധിക്കുകയും ചെയ്തു. പോലീസിന്റെ ഉറപ്പ് ലഭിക്കാതെ പോസ്റ്റ്മോർട്ടം നടത്താനാകില്ലെന്ന നിലപാടും പ്രതിഷേധക്കാർ എടുത്തു.
ഒടുവിൽ 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസിന്റെ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിച്ചു. കേസ് അതിവേഗ കോടതിയിൽ വിചാരണ നടത്തി വേഗത്തിൽ ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
അറസ്റ്റിലായ പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. 1998-ലും 2015-ലും കേസുകളിൽ പ്രതിയായിരുന്ന ഇയാൾ പിന്നീട് കുറ്റവിമുക്തനാക്കിയതായും പോലീസ് അറിയിച്ചു. ഇയാൾ ഏറെക്കാലമായി പ്രദേശത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.




