കോട്ടയം: പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുൻപിലൂടെയുള്ള റോഡിലെ കുഴികൾ അടയുന്നു. പുതുപ്പള്ളി നിലയ്ക്കൽ പള്ളി-കുട്ടൻചിറപ്പടി റോഡിൽ മൂന്നാംഘട്ടത്തിൽ ഇരുന്നൂറ്റിയഞ്ചു മീറ്ററാണ് കോൺക്രീറ്റ് ചെയ്യുന്നത്. മുമ്പ് പല തവണ ടാർ ചെയ്തിട്ടും റോഡ് തകരുന്നത് പതിവായി.
ഭാരവാഹനങ്ങളുടെ യാത്രകൂടിയായതോടെ കുഴിയും വെള്ളക്കെട്ടും പതിവായി. ഇതോടെ കോൺക്രീറ്റ് ചെയ്യാൻ തീരുമാനമായി. പാടത്തിന് നടുവിലൂടെയുള്ള റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിച്ച് മണ്ണിട്ടുയർത്തി. പതിനഞ്ചു സെന്റിമീറ്റർ കനത്തിൽ മക്കിട്ട് ഉറപ്പിച്ചു. അതിന് മുകളിൽ ജിഎസ്ബിയും ഏറ്റവും മുകളിൽ പതിനഞ്ചു സെ.മീ കനത്തിൽ കമ്പിയിട്ട് കോൺക്രീറ്റിങ് എന്ന രീതിയിലാണ് നിർമാണം.
ഇവിടെ ഇപ്പോൾ കോൺക്രീറ്റിങ് ജോലികൾ തീരാറായി. വശങ്ങളിൽകൈവരികൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനം പദ്ധതിയിൽ പെടുത്തി പുതുപ്പള്ളി നിയോജകമണ്ഡലത്തിലേക്ക് ചാണ്ടി ഉമ്മൻ എം.എൽ.എ. നിർദേശിച്ച രണ്ട് റോഡുകളിൽ ഒന്നാണിത്.






