ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം ഒരു മണിക്കൂര്‍ പിന്നിട്ടു. പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്റ്റേഷനിലെത്തി. പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമാായി എത്തുന്നുണ്ട്. സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെകൂട്ടിയാണ് രാഹുൽ എത്തിയത്. പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ആക്രമണത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നാണ് രാഹുല്‍ ഗാന്ധി പ്രതിഷേധിക്കുന്നത്. നേരത്തെ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നിൽ രാഹുല്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും എത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി പ്രവർത്തകരും എത്തുന്നുണ്ട്. പൊലീസ് നീതി പാലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. പൊലീസ് സ്റ്റേഷനിൽ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്.












