ദുബായ്: യു.എ.ഇ.യിൽ ഏപ്രിൽ 9 മുതൽ 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റിയറോളജി അറിയിച്ചു. പുറത്തിറക്കിയ കാലാവസ്ഥ പ്രവചനപ്രകാരം, ലഘു മുതൽ മിതമായ മഴയാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. ചില ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
പശ്ചിമ, കിഴക്കൻ മേഖലകളിൽ ഇടയ്ക്കിടെ കനത്ത മഴ ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും അൽ ദഫ്‌റ, അലൈൻ എന്നിവിടങ്ങളിലും ഏപ്രിൽ 13 ഉച്ചവരെ മഴ തുടരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്ന താഴ്ന്ന പ്രദേശങ്ങളും താഴ്വരകളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. വീടുകളുടെ പുറത്തുള്ള ഇളക്കാവുന്ന വസ്തുക്കൾ സുരക്ഷിതമാക്കാനും മുൻകരുതൽ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.




