സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ചു ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വടക്ക് – പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഴയ്ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലയിൽ ഉള്ളവരും താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധന വിലക്ക് നിലനിൽക്കുകയാണ്.






