റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു; പൊതുജനം ദുരിതത്തിൽ
എറണാകുളം : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വല്ലം – തൊടാപറമ്പ് – കാവുംപറമ്പ് – വഞ്ചിപറമ്പ് റോഡിന്റെ നിർമ്മാണം ഒരു വർഷത്തിൽ അധികമായി ഇഴഞ്ഞു നീങ്ങുന്നു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ ഭാഗമായി 423.96 ലക്ഷം രൂപ ചിലവിൽ 5.976 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണികൾക്കായി 38.15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഒരു വർഷത്തിൽ അധികമായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. 2024 ഒക്ടോബർ 29ന് ആരംഭിച്ച റോഡ് നിർമ്മാണം ഒരു വർഷം കൊണ്ട് 2025 ഒക്ടോബർ 29ന് പൂർത്തിയാക്കണം എന്നാണ് കരാർ എങ്കിലും കാലാവധി കഴിഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നു
ഒരു വർഷത്തിലധികമായി ഈ റോഡിലൂടെയുള്ള ഗതാഗതം തീർത്തും അസഹനീയമാണ്. മെറ്റൽ കല്ലുകൾ നിറച്ച്റോഡ് ഉയർത്തിയിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ബാലൻസ് തെറ്റി വീഴാതെ ഒരു വിധത്തിലാണ് കടന്നുപോകുന്നത്. കൂടാതെ, കല്ലുകൾ നിറഞ്ഞ റോഡിലൂടെ കയറിയിറങ്ങി ഭൂരിഭാഗം വാഹനങ്ങളുടെയും മെക്കാനിക്കൽ ഭാഗങ്ങൾ സ്ഥിരമായി കംപ്ലൈന്റ്റ് ആകുന്നു . വാഹനങ്ങൾ കടന്നു പോകുമ്പോൾ ഈ വഴിയിൽ ഉണ്ടാകുന്ന പൊടിപടലങ്ങൾ മൂലം അനേകം ആരോഗ്യ പ്രശ്നങ്ങളും ഇവിടെയുള്ളവർ നേരിടുന്നു.






