പത്തനംതിട്ട: ശബരിമലയിലെ ഇ-ടെൻഡറിൽ പങ്കെടുത്തയാൾക്ക് കുത്തക ലേല ലോബിയുടെ ഭീഷണിയെന്ന് പരാതി. സ്ഥിരമായി ലേലത്തിലൂടെ കടയെടുക്കുന്നയാളാണെന്നും ഇ-ടെൻഡറിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
ഭീഷണി നേരിട്ട ഇ-ടെൻഡർ പങ്കാളി ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇ-ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ചോർന്നതായി ദേവസ്വം വകുപ്പ് കണ്ടെത്തിയത്.
110 കടകളുടെ ടെൻഡർ വിവരങ്ങൾ സമാന രീതിയിൽ ചോർന്നതായാണ് വിവരം. വിവരങ്ങൾ ചോർത്തിയത് ദേവസ്വം കമ്മീഷണറേറ്റിലെയും എക്സിക്യൂട്ടീവ് ഓഫീസിലെയും ഉദ്യോഗസ്ഥരാണെന്ന സംശയത്തെ തുടർന്ന് ചില ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ടെൻഡർ വിവരങ്ങൾ എങ്ങനെ പുറത്തുപോയി, ഇതിന് പിന്നിൽ ആരൊക്കെയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പരിശോധിക്കുന്നത്.


