തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക സർവീസുകൾ നടത്തും.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസുകളുണ്ടാകും.
പാലാ, കണ്ണൂർ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്ന് ചെന്നൈയിലേക്കും പ്രത്യേക സർവീസുകൾ നടത്തും. എറണാകുളം–ചെന്നൈ സർവീസ് മൾട്ടി ആക്സിൽ എസി ബസിലായിരിക്കും. ചില റൂട്ടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ്.
യാത്രാത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്താനും കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യം നിലവിൽ ലഭ്യമാണ്.
കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ‘എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്’ മൊബൈൽ ആപ്പ് എന്നിവ വഴിയും വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും നേരിട്ട് ടിക്കറ്റ് ലഭിക്കും.












