തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജിജി ജോസഫ് ഇക്കാര്യം ആരോപിച്ചത്.
2017 ജൂൺ 26ന് ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിൽ ജിജി തോംസൺ പങ്കെടുത്തതിന്റെ ചിത്രങ്ങളും ജിജി ജോസഫ് പുറത്തുവിട്ടു. പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും ജിജി തോംസൺ പ്രശംസിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇൻഡിപെൻഡന്റ് ഡയറക്ടറായി ജിജി തോംസണെ നിയമിച്ചിരുന്നുവെന്നും ജിജി ജോസഫ് പറഞ്ഞു. പിന്നീട് ലഭിച്ച സ്ഥാനമാനം കുറഞ്ഞുപോയതിനാലാണ് അദ്ദേഹം ബിജെപിയിൽ ചേരാതിരുന്നതെന്നും ജിജി ജോസഫ് ആരോപിച്ചു. ജിജി തോംസൺ നടത്തിയതായി പുറത്തുവന്ന പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.


