ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠർ രാജീവരുടെ ചെങ്ങന്നൂരിലെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. എട്ടുമണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം എസ്ഐടി സംഘം സ്ഥലത്ത് നിന്ന് മടങ്ങി. ഉച്ചയ്ക്ക് 2.50ഓടെയാണ് പൊലീസ് അകമ്പടിയോടെ സംഘം വീട്ടിലെത്തിയത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠർ രാജീവർ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നതായിരുന്നു പരിശോധനയുടെ മുഖ്യ ലക്ഷ്യം. വിശദമായ പരിശോധനയാണ് വീട്ടിൽ നടത്തിയത്. ഇതോടൊപ്പം പ്രാദേശിക തലത്തിലുള്ള ഒരു സ്വർണപ്പണിക്കാരനെയും പരിശോധനയ്ക്ക് ഒപ്പം ഉൾപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്നു ചില രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം ഉൾപ്പെടെയുള്ള ഉരുപ്പടികൾ എന്നിവയാണ് എസ്ഐടി വിശദമായി പരിശോധിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് എസ്ഐടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് വിശദമായി ചോദിച്ചറിഞ്ഞതായാണ് വിവരം.
പരിശോധനയുടെ ആദ്യ ഘട്ടത്തിൽ തന്ത്രിയുടെ ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് രണ്ടാം ഘട്ടത്തിലാണ് മരുമകൾ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്കും വീട്ടിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ബന്ധുക്കളിൽ നിന്ന് എസ്ഐടി വിശദമായ വിവരങ്ങൾ ശേഖരിച്ചു.
ശബരിമലയിലേക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് വഴിയൊരുക്കിയത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്ക് കടത്താൻ ഒത്താശ ചെയ്തതും, ആചാരലംഘനത്തിന് മൗനാനുവാദം നൽകിയതും, ഗൂഢാലോചനയിൽ പങ്കാളിയായതുമാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കേസിലെ പതിമൂന്നാം പ്രതിയാണ് തന്ത്രി കണ്ഠർ രാജീവർ.






