കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കും. കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയ ശബരിമലയിലെ വാതിൽപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. പോറ്റിയുമായി ദീർഘകാല പരിചയം ജയറാമിനുണ്ട്. ഇവ സംബന്ധിച്ച വിശദമായി ഇ ഡി അന്വേഷിക്കും.
ഇരുവരും തമ്മിൽ പണിമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇ ഡി പരിശോധിക്കുന്നുണ്ട്. ശബരിമലയിൽ വച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും മറ്റു ബന്ധങ്ങളില്ലെന്നുമാണ് ജയറാം പറഞ്ഞത്. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നു. ശ്രീകോവിലിലെ കട്ടിളപാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തുവെന്നുമാണ് ജയറാം നേരത്തെ മൊഴി നൽകിയത്.






