പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ടുള്ള പങ്കുണ്ടെന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, തന്ത്രിയെ കേസിൽ അന്യായമായി കുടുക്കിയതാണെന്നും സ്വർണക്കൊള്ളയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിച്ചാൽ തന്റെ ആത്മീയ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി ജാമ്യത്തിന് ശക്തമായി എതിർപ്പ് രേഖപ്പെടുത്തി.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നു.






