കൊച്ചി: മലയാള സിനിമ മേഖല ലഹരി വിവാദത്തിൽ മുങ്ങിത്താഴുമ്പോൾ കേരള ഫിലിം ചേംബറും ഫെഫ്കയും തമ്മിലടി. കേരളം ഫിൽ ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്സിക്യൂട്ടിവ് കമ്മറ്റിക്ക് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്റെ പരാമർശത്തിനെതിരെയാണ് പരാതി. സിനിമയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നതെന്നും സിനിമയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കിയിരുന്നു.
അതേസമയം തന്നോട് ഉണ്ണികൃഷ്ണന് വ്യക്തിവിരോധംഉണ്ടെന്നാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം. നടി വിൻ സിയുടെ പരാതി ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി പരിഗണിക്കാനിരിക്കെ ഇതിന് സമാന്തരമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും നടൻ ഷൈൻ ടോം ചാക്കോയേയും ഉൾപ്പെടെ വിളിച്ചുവരുത്തിയതിനെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ചിത്രത്തിലെ അണിയറ പ്രവർത്തകരിൽ നിന്നും മൊഴിയെടുക്കുകയും ഇത് ഫിലിം ചേംബറിന്റെ മോണിറ്ററിംഗ് കമ്മിറ്റിക്ക് കൈമാറുകയും ആണ് ചെയ്യുക. അതുകൊണ്ട് ഈ റിപ്പോർട്ട് കാത്തിരിക്കവെയാണ് ചിത്രത്തിന്റെ നിർമ്മാതാവ് അടക്കമുള്ളവരെ വിളിച്ചുവരുത്തി ചർച്ച നടത്തിയത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചേമ്പർ പറഞ്ഞിരുന്നു. ഇതിനെ തങ്ങളുടെ അധികാരത്തിലേക്കുള്ള കൈകടത്തൽ ആയാണ് ഫിലിം ചേംബർ കണക്കാക്കുന്നത്.
ഉണ്ണികൃഷ്ണൻ അടക്കമുള്ളവർക്കെതിരെ രംഗത്തുവന്ന സജി നന്ത്യാട്ട്, ഫെഫ്ക അംഗങ്ങളായ സാങ്കേതിക പ്രവർത്തകരാണ് അഭിനേതാക്കളെക്കാൾ കൂടുതൽ ലഹരി ഉപയോഗിക്കുന്നത് എന്ന രീതിയിൽ പറഞ്ഞെന്നും ഇത് അംഗീകരിക്കാനാവില്ല എന്നുമാണ് ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സജി നന്ത്യാട്ടിന്റെ വാദം.



