ഹൈദരാബാദ്: 2010-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യെ മായ ചെസാവേ എന്ന റൊമാന്റിക് ചിത്രം 2025-ൽ വീണ്ടും തിയേറ്ററുകളിലെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ചിത്രത്തിന്‍റെ പ്രമോഷനിൽ നായിക സാമന്ത തന്റെ മുൻ ഭർത്താവായ നാഗ ചൈതന്യയ്‌ക്കൊപ്പം എത്തുന്നു എന്ന വാർത്തകൾ സാമന്ത തന്നെ തള്ളിക്കളഞ്ഞു.
“ഞാൻ യെ മായ ചെസാവേ ചിത്രത്തിന്റെ പ്രമോഷനിൽ ആരോടൊപ്പവും പങ്കെടുക്കുന്നില്ല. വാസ്തവത്തിൽ, ചിത്രത്തിന്റെ പ്രമോഷൻ നടത്തുന്നേയില്ല,” എന്ന് സാമന്ത ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. ഷൂട്ടിംഗിന്‍റെ ഓരോ വിശദാംശവും തന്റെ ഓർമയിൽ ഉണ്ടെന്നും, ആ ചിത്രം തനിക്ക് എന്നും പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു.

സമാന്തയുടെ പ്രതികരണം ആരാധകർക്ക് നിരാശ സമ്മാനിച്ചെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന താരത്തിന്റെ ആത്മവിശ്വാസത്തെ പലരും അഭിനന്ദിച്ചു. യെ മായ ചെസാവേ എന്ന റൊമാന്റിക് ചിത്രം സാമന്തയുടെയും നാഗ ചൈതന്യയുടെയും കരിയറിലെ നാഴികക്കല്ലായിരുന്നു.
തമിഴില്‍ വന്‍ ഹിറ്റായ വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിന്‍റെ റീമേക്കായിരുന്നു ചിത്രം. ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് നാഗ ചൈതന്യയും സാമന്തയും പ്രണയത്തിലാകുന്നത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.






