മൂവാറ്റുപുഴ: മൂവാറ്റുപുഴ – തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ വീട്ടിൽ മണിയുടെ മകൻ കാശിനാഥ് കെ. മണി (10) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30-നായിരുന്നു അപകടം. വീടിനു എതിർവശത്തുള്ള കടയിൽ നിന്നും കളർ പെൻസിൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴയിലേക്ക് പൈനാപ്പിള്‍ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാഹനം കാശിനാഥനെ ഇടിക്കുകയായിരുന്നു. ഉടൻതന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഴക്കുളം ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കാശിനാഥ്.






