മലപ്പുറം കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച കടുവയ്ക്കായി ഇന്ന് ഡ്രോൺ അടക്കമുള്ള സജ്ജീകരങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചിൽ. വനം വകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ധ സംഘവും 50 അംഗ ആർആർടി സംഘവും പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്.
ഇന്നലെതന്നെ പ്രദേശത്ത് 50ഓളം ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിൽ കടുവയുടെ സാന്നിധ്യമുണ്ടോ എന്നാകും ആദ്യം പരിശോധിക്കുക. കടുവയുടെ സഞ്ചാരപാത മനസിലാക്കിയ ശേഷമാകും കൂടുതൽ തെരച്ചിലിനായി ആർആർടി സംഘം ഇറങ്ങുക. കുങ്കി ആനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്താനാണ് തീരുമാനം. ഇതിനായി മുത്തങ്ങയിൽ നിന്ന് ഇന്നലെ ഒരു ആനയെ എത്തിച്ചിരുന്നു. മറ്റൊരു ആന കൂടി ഇന്ന് എത്തും. രാത്രിയിലേക്ക് തെരച്ചിൽ നീളുകയാണെങ്കിൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന തുടരും.






