കോട്ടയം: യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ വിജയസാധ്യതയെയും കോൺഗ്രസിന്റെ സീറ്റ് ഏറ്റെടുക്കൽ വാദങ്ങളെയും ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച കൊഴുക്കുന്നു. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്ന ഒരു വിഭാഗത്തിന്റെ വാദത്തിന് കൃത്യമായ കണക്കുകൾ നിരത്തിയാണ് രാഷ്ട്രീയ നിരീക്ഷകർ മറുപടി നൽകുന്നത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളിലെ മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്.
പൂഞ്ഞാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയിച്ച ചരിത്രമില്ലെന്നു മാത്രമല്ല, കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ടോമി കല്ലാനി 24,000-ൽപ്പരം വോട്ടുകൾക്ക് പരാജയപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമാണുണ്ടായത്. കാഞ്ഞിരപ്പള്ളിയിലും കോൺഗ്രസ് സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
ഇതിൽ നിന്നും വ്യക്തമാകുന്നത് ചിഹ്നമോ പാർട്ടിയോ മാത്രം നോക്കിയല്ല വോട്ടർമാർ വിധി നിശ്ചയിക്കുന്നത് എന്നാണ്. മുന്നണിയിലെ ഓരോ ഘടകകക്ഷിയുടെയും വോട്ടുകൾക്കും സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവത്തിനും രാഷ്ട്രീയേതരമായ മറ്റു ഘടകങ്ങൾക്കും വിജയത്തിൽ തുല്യ പങ്കാണുള്ളതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ജോസഫ് ഗ്രൂപ്പിന്റെ ശക്തിയെ കുറിച്ചുള്ള വിമർശനങ്ങളെ ചരിത്രപരമായ പശ്ചാത്തലത്തിലാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 2011-ൽ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോൾ ലഭിച്ച മൂന്ന് എം.എൽ.എമാരുടെ പിന്തുണയോടെയാണ് ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം തികച്ചതെന്ന വസ്തുത മറക്കാനാവില്ല. അന്ന് മാണി ഗ്രൂപ്പിനെ മുന്നണിക്ക് പുറത്താക്കി ജോസഫിനെ കൂടെ നിർത്തിയ കോൺഗ്രസ് നിലപാടുകൾ അവരുടെ രാഷ്ട്രീയ കരുത്ത് അംഗീകരിച്ചതുകൊണ്ടായിരുന്നു.
മത്സരിച്ച പത്ത് സീറ്റിൽ രണ്ടെണ്ണം മാത്രമാണ് ജോസഫ് ഗ്രൂപ്പ് ജയിച്ചതെന്ന കണക്കുകൾ പറയുന്നവർ, 93 സീറ്റിൽ മത്സരിച്ച് ഭൂരിഭാഗം സീറ്റുകളിലും പരാജയപ്പെട്ട കോൺഗ്രസിന്റെ അവസ്ഥയും ഓർക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഓർമ്മിപ്പിക്കുന്നു. കോൺഗ്രസ് വോട്ട്, ജോസഫ് വോട്ട് എന്നിങ്ങനെ വോട്ടുകളെ തരംതിരിക്കുന്നതിന് പകരം, ഇവ രണ്ടും അല്ലാത്ത പൊതുവിഭാഗത്തിന്റെ വോട്ട് കൂടി സമാഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ യു.ഡി.എഫിന് മികച്ച വിജയം കൈവരിക്കാൻ സാധിക്കൂ എന്നാണ് രാഷ്ട്രീയ കണക്കുകൾ വ്യക്തമാക്കുന്നത്.






