പാലക്കാട്: വണ്ടാഴി ഗ്രാമപഞ്ചായത്ത് യുഡിഎഫ് പഞ്ചായത്ത് അംഗം വിമതനായി മത്സരിക്കുന്നു. നിലവിൽ ആലത്തൂർ ബ്ലോക്ക് സെക്രട്ടറി കൂടിയായ ഡിനോയ് കോമ്പാറയാണ് വിമതനായി മത്സരിക്കുന്നത്. ഡിനോയ് കോമ്പാറയുടെ നീക്കം കോൺഗ്രസിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ്.
വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയിലെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കാട്ടിയിരുന്ന വ്യക്തിയായിരുന്നു ഡിനോയ് കോമ്പാറ. കണിയമംഗലം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഡിനോയ്. ഇത്തവണ കണിയമംഗലം വനിതാ വാർഡ് ആയതോടെ ഡീനോയ് മംഗലം ഡാം വാർഡ് ആവശ്യപ്പെട്ടു. എന്നാൽ മംഗലം ഡാമിൽ എ. മൂസ കുട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. മംഗലം ഡാമിൽ യുഡിഎഫ് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതനായി മത്സരിക്കാൻ രംഗത്തെത്തിയിരിക്കുകയാണ് ഡിനോയ്. നേതൃത്വ നിരയിലുള്ള ചില ഉയർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഡിനോയ്ക്ക് സീറ്റ് നിഷേധിച്ചതെന്ന് പാർട്ടിയിൽ തർക്കമുണ്ട്. എന്നാൽ ഇത് വണ്ടായി മണ്ഡലം കമ്മിറ്റി നിഷേധിച്ചു. കൂട്ടായ ചർച്ചയിലൂടെയാണ് എ.മൂസ കുട്ടിയെ തിരഞ്ഞെടുത്തത് എന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. നിലവിലെ യുഡിഎഫിന്റെ സിറ്റിംഗ് വാർഡ് ആണ് മംഗലം ഡാം.






