തിരുവനന്തപുരം: റാപ്പർ വേടനെതിരേ വീണ്ടും ലൈംഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. ദളിത് സംഗീതത്തിൽ ഗവേഷണം നടത്താനായി വേടനെ ഫോണിൽ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. തന്‍റെ സംഗീത പരിപാടികളിൽ താല്പര്യം പ്രകടിപ്പിച്ച് ബന്ധം സ്ഥാപിച്ച വേടൻ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതി. സംഗീത പരിപാടികളവതരിപ്പിക്കുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
2020 – 2021 കാലഘട്ടത്തിലാണ് പരാതിയിൽ പറയുന്ന രണ്ട് സംഭവങ്ങളും നടന്നത്. അന്ന് വേടനെതിരായി രണ്ടു യുവതികളും മീടൂ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതേസമയം, തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഒളിവിലാണ് വേടൻ. ഇദ്ദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.






