മുംബൈ: നാസിക്കിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ വനിതാ ജീവനക്കാരെ നാല് വർഷത്തോളമായി ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ടീം ലീഡർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ ഒൻപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ വനിതാ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ വിവരം അറിഞ്ഞ മറ്റ് പ്രതികൾ പരാതിക്കാരിയെ നിരന്തരം ശല്യം ചെയ്യുകയും മോശമായ രീതിയിൽ സ്പർശിക്കുകയും ചെയ്തിരുന്നു. ഇവരെക്കുറിച്ച് അശ്ലീല ചുവയുള്ള പരാമർശങ്ങൾ നടത്തുന്നത് പതിവായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആദ്യ പരാതിക്കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കമ്പനിയിലെ കൂടുതൽ വനിതാ ജീവനക്കാർ സമാനമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് നേരിട്ട് ഇടപെട്ട് ഇവർക്ക് പരാതി നൽകാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.
കമ്പനിക്കുള്ളിൽ നടക്കുന്ന ഈ അതിക്രമങ്ങളെക്കുറിച്ച് മേലുദ്യോഗസ്ഥനോട് പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പരാതികൾ കേൾക്കാൻ തയ്യാറാകാതിരുന്ന മേലുദ്യോഗസ്ഥൻ പ്രതികളുടെ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.ലൈംഗിക പീഡനത്തിന് പുറമെ, കമ്പനിയിലെ ഒരു പുരുഷ ജീവനക്കാരന്റെ മതത്തെ അപമാനിക്കുന്ന രീതിയിൽ പ്രതികൾ സംസാരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് മതവികാരം വ്രണപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുത്തത്.
മുന്നൂറോളം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് വർഷങ്ങളോളം ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നത്. അറസ്റ്റിലായ പ്രതികളിൽ അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി ഏപ്രിൽ 10 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റൊരു പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കും മാറ്റി.സ്ഥാപനത്തിലെ മറ്റ് ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഇത്രയും കാലം പീഡനം മറച്ചുവെക്കാൻ സ്ഥാപനത്തിന് അകത്ത് നിന്ന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യവും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചുവരികയാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവം.




