ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോഗത്തിൽ വൻ ഇടിവ്. മുൻ വർഷത്തെ അപേക്ഷിച്ച് 2026 സെപ്റ്റംബറിൽ എൽപിജി ഉപഭോഗം ഒമ്പത് ശതമാനത്തിലധികം കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സുഗമമായ വിതരണ നിലയിലേക്ക് രാജ്യത്തെ എൽപിജി വിപണി ഇപ്പോഴും തിരിച്ചെത്തിയിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
രാജ്യത്തെ ഇന്ധന ഉപഭോഗ കണക്കുകൾ സൂക്ഷിക്കുന്ന ഔദ്യോഗിക ഏജൻസിയായ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകളിലാണ് എൽപിജി ഉപഭോഗത്തിലെ ഇടിവ് വ്യക്തമാകുന്നത്. 2026 സെപ്റ്റംബറിൽ ഇന്ത്യയിലെ എൽപിജി ഉപഭോഗം 2,636 ടിഎംടി ആയിരുന്നു. 2025 സെപ്റ്റംബറിൽ ഇത് 2,902 ടിഎംടി ആയിരുന്നു. ഒരു വർഷത്തിനിടെ 9.15 ശതമാനമാണ് കുറവ്. 2024 സെപ്റ്റംബറിൽ 2,725 ടിഎംടി ആയിരുന്നു എൽപിജി ഉപഭോഗം.
ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസത്തെ കണക്കിലും ഇടിവ് പ്രകടമാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കഴിഞ്ഞ വർഷം 16,218 ടിഎംടി എൽപിജിയാണ് ഉപയോഗിച്ചത്. ഇത്തവണ ഇത് 13,797 ടിഎംടിയായി കുറഞ്ഞു. ആറ് മാസത്തിനിടെ 14.93 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയായി
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ലോകത്തെ എണ്ണ, പ്രകൃതിവാതക വ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് എൽപിജി വിതരണത്തെയും ബാധിച്ചു. സുരക്ഷാ പ്രശ്നങ്ങൾ മൂലം ഗതാഗതം തടസ്സപ്പെട്ടതാണ് വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായത്.
പിഎൻജിയിലേക്ക് മാറി ഉപഭോക്താക്കൾ
എൽപിജി ഉപഭോഗം കുറയാനുള്ള മറ്റൊരു പ്രധാന കാരണം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിന്റെ ഉപയോഗം വർധിച്ചതാണ്. സിലിണ്ടറിന് പകരം പൈപ്പ് വഴി നേരിട്ട് വീടുകളിലും വ്യവസായശാലകളിലും വാതകം എത്തിക്കുന്ന സംവിധാനമാണിത്. സിലിണ്ടർ തീർന്നുപോകുമെന്ന ആശങ്ക ഒഴിവാക്കാമെന്നതും ഉപയോഗിക്കുന്ന വാതകത്തിന് മാത്രം പണം നൽകാമെന്നതും പിഎൻജിയിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
സർക്കാരിന്റെ പിഎൻജി വ്യാപന പദ്ധതികൾക്കൊപ്പം പുതിയ കണക്ഷനുകളുടെ എണ്ണത്തിലും വർധനയുണ്ടായി. അതേസമയം, രാജ്യത്തെ എൽപിജി വിതരണം ഉറപ്പാക്കുന്നതിനായി ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും മറ്റ് രാജ്യങ്ങളിൽനിന്ന് ഇറക്കുമതി നടത്താനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്.
എൽപിജി ഉപഭോഗം കുറഞ്ഞപ്പോഴും സെപ്റ്റംബറിൽ രാജ്യത്തെ പെട്രോൾ, ഡീസൽ ഉപഭോഗം വർധിച്ചതും ശ്രദ്ധേയമാണ്. ഗതാഗത മേഖലയിലെ ഇന്ധന ആവശ്യകത ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.




