കണ്ണൂർ: പെരിങ്ങത്തൂരിൽ നിന്ന് 17കാരനായ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം ശിവസൂര്യയുടെ വീട്ടിലെത്തി പരിശോധന നടത്തി. പിതാവ് ജിഗീഷിൽനിന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികളിൽനിന്നും സംഘം മൊഴിയെടുത്തു.
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് പ്രാഥമിക പരിശോധന നടത്തിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് രണ്ട് മാസം പൂർത്തിയായി.
ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിനെ തുടർന്ന് ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും വ്യക്തമാക്കുന്ന കുറിപ്പും വീട്ടിൽനിന്ന് ലഭിച്ചിരുന്നു.
ആദ്യം ചൊക്ലി പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ വാരണാസിയിലും പരിശോധന നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ശിവസൂര്യയുടെ ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ല. ശിവസൂര്യ ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടാകാമെന്ന സംശയവും പൊലീസിനും കുടുംബത്തിനുമുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ ശിവസൂര്യയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.


