ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം മൂന്നാം ദിവസവും ഡൽഹിയിൽ ശക്തമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് മാർച്ച് നടത്തി. മൂന്ന് ബസുകളിലായാണ് എംപിമാർ യാത്ര തിരിച്ചത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ആദ്യ ബസിലായിരുന്നു.
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പ്രതിഷേധത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) നടപടിയിൽ ക്രമക്കേടുകൾ ആരോപിച്ചാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം നടത്തുന്നത്.
അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്ഘട്ടും കേന്ദ്ര ഡൽഹിയിലെ പ്രധാന മേഖലകളും പൊലീസ്, കേന്ദ്രസായുധ സേന എന്നിവയുടെ നിയന്ത്രണത്തിലാണ്. പ്രധാന റോഡുകളിൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷ മാർച്ചുകൾ പൊലീസ് തടഞ്ഞിരുന്നു. ബുധനാഴ്ച ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ചിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താനും നീക്കം നടത്തുന്നുണ്ട്. പ്രതിഷേധം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് INDIA സഖ്യം.


