കോട്ടയം: അപകട നിലയിലായ മുക്കൂട്ടുതറയിലെ എരുമേലി ഗ്രാമ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ കച്ചവടക്കാർക്ക് നോട്ടിസ് അയച്ച് പഞ്ചായത്ത്. ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിനു സുരക്ഷയില്ലെന്നും പൊളിച്ചുനീക്കണമെന്നും കഴിഞ്ഞ വർഷം ആണ് അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് നൽകിയത്.
അതിന് ശേഷം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ഇതേ പരിശോധനാ റിപ്പോർട്ടാണ് നൽകിയത്. കച്ചവടക്കാരെ ഒഴിപ്പിക്കാനും കെട്ടിടം പൊളിച്ചു നീക്കാനും പഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ കച്ചവടക്കാർക്ക് നോട്ടിസും നൽകി. അതെ സമയം കടകൾ ഒഴിയാൻ തയാറാകാതെ കച്ചവടക്കാർ കോടതിയെ സമീപിച്ച് പഞ്ചായത്ത് നോട്ടിസിന് എതിരെ സ്റ്റേ വാങ്ങിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിനാണ് ഒരു മാസത്തിനകം കടമുറികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. ഇതോടെയാണ് കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് .
അത് മൂലം പഞ്ചായത്ത് കോടതിയെ സമീപിച്ച് സ്റ്റേ റദ്ദ് ചെയ്യുകയുംപതിനഞ്ചു ദിവസത്തിനകം കച്ചവടക്കാരെ ഒഴിപ്പിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഒഴിയമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് പതിച്ചത്. കൂടുതൽ അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് അടർന്നു വിഴുന്നത് നിത്യസംഭവമാണ്.






