കോഴിക്കോട്: ഗതാഗതക്കുരുക്കിനിടെ വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി കാറിൽ സഞ്ചരിച്ചിരുന്ന എസ്.ഐയുടെ കുടുംബത്തിന് നേരെ ആറംഗ സംഘത്തിന്റെ ആക്രമണം. മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐ. വേങ്ങേരി സ്വദേശി കല്ലുവീട്ടിൽ അനിൽകുമാറിനും കുടുംബത്തിനുമാണ് ശനിയാഴ്ച രാത്രി 10.25ഓടെ ചെറുകുളത്ത് ആക്രമണം നേരിട്ടത്.
എതിര്‍ദിശയില്‍ വാഹനം വന്നതോടെ റോഡിൽ ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. ഇതോടെ സംഘം അനിൽകുമാറിനെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മകളുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള സ്വർണമാലയും പിടിച്ചുപറിച്ചതായും പരാതിയിൽ പറയുന്നു.
സംഭവത്തിൽ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് കേസെടുത്തു. കോളിയേരിത്താഴം സ്വദേശി പ്രജിത്ത്, ബദിരൂർ സ്വദേശി സലീഷ് അടക്കമുള്ള ആറുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടാൻ അന്വേഷണം തുടരുന്നു.




