ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ നിയമസഭകളിൽ ബിജെപിയുടെയും എൻഡിഎ സഖ്യത്തിന്റെയും സ്വാധീനം ഗണ്യമായി വർധിച്ചതായി കണക്കുകൾ. അതേസമയം ഇന്ത്യ (INDIA) സഖ്യത്തിന്റെ അംഗസംഖ്യയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
രാജ്യത്തെ ആകെ 4,123 എംഎൽഎമാരിൽ ബിജെപിയുടെ വിഹിതം 37.16 ശതമാനത്തിൽ നിന്ന് 43.97 ശതമാനമായി ഉയർന്നു. 2024 തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 1,532 എംഎൽഎമാർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 1,813 ആയി വർധിച്ചതായാണ് കണക്കുകൾ.
എൻഡിഎ സഖ്യത്തിന്റെ ആകെ എംഎൽഎമാരുടെ എണ്ണം 2,096ൽ നിന്ന് 2,530 ആയി ഉയർന്നു. പശ്ചിമ ബംഗാളിലും അസമിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണമായി പറയുന്നത്. ഇന്ത്യ സഖ്യത്തിന്റെ എംഎൽഎ വിഹിതം 38.88 ശതമാനത്തിൽ നിന്ന് 24.52 ശതമാനമായി കുറഞ്ഞു. ആം ആദ്മി പാർട്ടി, ഡിഎംകെ തുടങ്ങിയ പാർട്ടികൾ സഖ്യം വിട്ടതും തിരിച്ചടിക്ക് കാരണമായി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോൺഗ്രസിന് 18 എംഎൽഎമാരെ നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഡിഎംകെ, ആർജെഡി, എഎപി എന്നീ പാർട്ടികൾക്കും വലിയ തോതിൽ അംഗസംഖ്യ കുറവ് സംഭവിച്ചു. ഇതിനിടെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിൽ ഉണ്ടായ വിമത നീക്കവും ബിജെപിക്ക് കൂടുതൽ കരുത്ത് നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇരുസഖ്യങ്ങളിലുമില്ലാത്ത പാർട്ടികളുടെ എംഎൽഎമാരുടെ എണ്ണം 7.79 ശതമാനത്തിൽ നിന്ന് 13.66 ശതമാനമായി ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






