കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രയുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെതിരായ ആരോപണങ്ങൾ വ്യാജമാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് കോടതി അസാധുവാക്കിയത്.
എസ്. ശ്രീജിത്തിനെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിന് ചീഫ് സെക്രട്ടറിയെ ഹൈക്കോടതി വിമർശിച്ചു. പരാതിക്കാരനെയും ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയ നടപടിയും കോടതി തെറ്റാണെന്ന് നിരീക്ഷിച്ചു.
പരാതിക്കാരനായ ദിപിൻ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. പരാതി വിശദമായി പരിശോധിച്ച ശേഷമായിരിക്കണം തുടർനടപടിയെന്നും കോടതി വ്യക്തമാക്കി.
2026 ഫെബ്രുവരിയിൽ വിദേശത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പൊലീസ് യൂണിഫോമിൽ അനുമതിയില്ലാതെ എസ്. ശ്രീജിത്ത് പങ്കെടുത്തുവെന്നതാണ് കേസിന് ആധാരം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും വിദേശയാത്രകളിൽ ചട്ടലംഘനം നടത്തിയതായും പരാതിയിൽ ആരോപിച്ചിരുന്നു.




