മഴക്കാലത്ത് ഇലകളുടെ പോഷകഗുണങ്ങൾ കൂടുമെന്നതിനാൽ കർക്കിടകമാസത്തിൽ ഇലക്കറികൾ കൂടുതൽ കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്. കർക്കടകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭവമാണ് പത്തിലക്കൂട്ട് അഥവാ പത്തിലത്തോരൻ. പത്ത് ഇനം ഇലകൾ കൊണ്ടുണ്ടാക്കുന്ന തോരനാണിത്.
കുമ്പളം, മത്തൻ, വെള്ളരി, താള്, തകര, ചേമ്പ്, ചീര, തഴുതാമ, ചേന, കീഴാർനെല്ലി. ചിലർ തഴുതാമ, മുക്കുറ്റി, കൊടിത്തൂവ, കൂവളം, പയർ തുടങ്ങിയവയാണ് ഉപയോഗിക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇലക്കറി ശീലിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും മൂത്രം ധാരാളം ഉണ്ടാക്കുന്നതിനും നല്ലതാണ്. ചർമം മൃദുവാക്കുന്നതും കണ്ണിനു കാഴ്ചശക്തി കൂട്ടുന്നതുമാണ്. പോഷകമൂല്യം ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ചില പ്രശ്നങ്ങൾ കാരണം മുരിങ്ങയില കർക്കടകത്തിൽ ഉപയോഗിക്കാറില്ല.
ഏതിലയാണെങ്കിലും അതിന്റെ തളിരിലയാണ് ഉപയോഗിക്കേണ്ടത്. എല്ലാ ഇലകളും നന്നായി കഴുകി ചെറുതായി അരിയുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, അല്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. തുടർന്ന് അരിഞ്ഞ ഇലകളും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ ചിരകിയ തേങ്ങ ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്ന് പുറത്തേയ്ക്ക് എടുത്തുവെയ്ക്കാം. വേണമെങ്കിൽ അല്പം ജീരകപ്പൊടിയോ കുരുമുളകുപൊടിയോ ചേർത്താൽ രുചിയിൽ മാറ്റം വരും.




