തിരുവനന്തപുരം: പവർകട്ടുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പൊലീസ്. സംഭവം വിവാദമായതിനെ തുടർന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് ഫോൺ മടക്കി നൽകിയത്. പരിശോധനയിൽ പരാതിയുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അഹമ്മദ് കബീറിനെ അറിയിച്ചു.
പവർകട്ടിനെതിരെ ഫേസ്ബുക്കിൽ വീഡിയോയും പോസ്റ്റുകളും പങ്കുവെച്ചതിനെ തുടർന്നാണ് പിഡിപി പ്രവർത്തകനായ അഹമ്മദ് കബീറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഫോൺ കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ കേസോ എഫ്‌ഐആറോ രജിസ്റ്റർ ചെയ്യാതെയാണ് ഫോൺ പിടിച്ചെടുത്തതെന്നത് വിവാദമായി.
പരാതി ലഭിച്ചതിനെ തുടർന്ന് ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോൺ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. പരിശോധന പൂർത്തിയായതോടെ ഫോണിൽ പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും തുടർന്ന് ഫോൺ തിരിച്ചുനൽകിയതായും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികളും സുപ്രീംകോടതി മാർഗനിർദേശങ്ങളും പാലിച്ചോയെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. സാമൂഹ്യമാധ്യമ വിമർശനങ്ങളുടെ പേരിലുള്ള പൊലീസ് നടപടികളെ ചൊല്ലി രാഷ്ട്രീയ രംഗത്തും സംഭവം വിവാദമായിരിക്കുകയാണ്.




