കോട്ടയം: പാലാ നഗരസഭയിലെ ഭരണപ്രതിസന്ധി പരിഹരിക്കാൻ ഒത്തുതീർപ്പ് ഫോർമുലയുമായി കോൺഗ്രസ്. രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകണമെന്ന് കോൺഗ്രസ് ആവശ്യം. സ്വതന്ത്ര കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടത്തിന് രണ്ടാം ടേമിൽ വൈസ് ചെയർമാൻ സ്ഥാനം നൽകുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇതിൽ കൗൺസിലർമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താൻ പ്രതികരിച്ചു.
ആറ് മാസം കഴിഞ്ഞാൽ വൈസ് ചെയർമാൻ സ്ഥാനം പുളിക്കക്കണ്ടം കുടുംബത്തിന് നൽകാനായിരുന്നു ആദ്യ തീരുമാനം. അതിനൊപ്പം ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണായും, ബിനു പുളിക്കക്കണ്ടം വൈസ് ചെയർമാനായും തുടരാനായിരുന്നു ധാരണ.
എന്നാൽ രണ്ട് പ്രധാന സ്ഥാനങ്ങളും ഒരേ കുടുംബത്തിനുള്ളിൽ തുടരുന്നത് ശരിയല്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. അതിനാൽ ആറ് മാസം കഴിഞ്ഞാൽ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകണമെന്നാണ് പുതിയ ആവശ്യം. 26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 അംഗങ്ങളും യുഡിഎഫിന് 10 അംഗങ്ങളും ഉണ്ട്. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭ ഭരണം പിടിച്ചത്.






