ഹാമിർപൂർ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുന നദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയതിനെ തുടർന്ന് ആറ് പേരെ കാണാതായി. ബുധനാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവരിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു.
ഘടംപൂരിൽ നിന്നുള്ള ഒമ്പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ സാധാരണയായി മടങ്ങേണ്ട സമയത്തേക്കാൾ വൈകിയതിനാൽ ചെറിയ ബോട്ടിൽ യാത്ര ചെയ്തതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ഗോയൽ അറിയിച്ചു. ബോട്ട് മറിഞ്ഞതല്ലെന്നും, തകരാറിനെ തുടർന്ന് വെള്ളം കയറി താഴ്ന്നതാണെന്നും രക്ഷപ്പെട്ട ബോട്ട് ഡ്രൈവർ മൊഴി നൽകി.
നീന്തൽ അറിയാവുന്ന മൂന്ന് പേർ രക്ഷപ്പെടുകയായിരുന്നു. കാണാതായ കുട്ടികളുടെ പ്രായം 5 മുതൽ 15 വയസ്സ് വരെയാണെന്ന് അധികൃതർ വ്യക്തമാക്കി. എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തെരച്ചിൽ തുടരുകയാണ്.ഇതിനിടെ അടുത്തിടെ മധ്യപ്രദേശിലെ ജബൽപൂരിൽ ബാർഗി അണക്കെട്ടിൽ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ച സമാന സംഭവം കൂടി ഓർമ്മിപ്പിക്കപ്പെടുന്നു.




