മലപ്പുറം: അരിക്കാഞ്ചിറ കാഞ്ഞിരകുറ്റിയില്‍ കോഴിക്കുട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. കാഞ്ഞിരകുറ്റിയിലെ പള്ളിപ്പറമ്പില്‍ സക്കീനയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ കയറി പറ്റിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സ്നേക്ക് മാസ്റ്റര്‍ മുസ്തഫ തിരുര്‍ സാഹസികമായാണ് മലമ്പാമ്പിനെ കോഴിക്കൂട്ടില്‍ നിന്നും പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. ആറ് കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. രണ്ട് കോഴികളെ മലമ്പാമ്പ് വിഴുങ്ങിയിരുന്നു. നാല് കോഴികളെ കൊന്നിട്ടുമുണ്ട്.






