പാലക്കാട്: വടക്കഞ്ചേരി അണക്കെപ്പാറയിൽ പിടികൂടുന്ന പാമ്പുകൾക്കായി സംരക്ഷണപ്രദർശന കേന്ദ്രം എത്തുന്നു. നെന്മാറ വനം ഡിവിഷന് കീഴിൽ ആലത്തൂർ റേഞ്ച് ഓഫീസ് പരിസരത്തെ അണക്കെപ്പാറയിൽ പുതിയ കേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു.
നിലവിലുള്ള മലമ്പുഴ സംരക്ഷണ കേന്ദ്രത്തിലെ സ്ഥലപരിമിതിയെ തുടർന്നാണ് ജില്ലയിൽ രണ്ടാമത്തെ പാമ്പ് സംരക്ഷണകേന്ദ്രം വനം വകുപ്പ് തുറക്കുന്നത്. ആദ്യഘട്ട നിർമ്മാണം 2.72 ലക്ഷം രൂപ ചെലവഴിച്ച് മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആണ് തീരുമാനം.
സംസ്ഥാനത്ത് വനം വകുപ്പ് പരിശീലനം നൽകി നിയമിച്ച അംഗീകൃത സ്നേക്ക് ഹാൻഡലർമാർ ജനവാസ മേഖലയിൽ നിന്നടക്കം പിടികൂടുന്ന പാമ്പുകൾക്ക് അവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായ സാഹചര്യം സംരക്ഷണകേന്ദ്രത്തിൽ ഒരുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
നിലവിൽ പിടികൂടുന്ന പാമ്പുകൾക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ് വാലി തുടങ്ങിയ വനമേഖലയിലേക്ക് മാറ്റുകയാണ് പതിവ്. വനമേഖലയിൽ പുനരധിവസിപ്പിക്കാൻ ആവാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സ്നേക്ക് ടെറേറിയം ഒരുക്കി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമമെന്നും അധികൃതർ പറഞ്ഞു.
വനം വകുപ്പ് തയ്യാറാക്കിയ സർപ്പ ആപ്പ് വഴിയാണ് അംഗീകൃത സ്നേക്ക് ഹാൻഡലേഴ്സിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. ആപ്പ് വഴി ലഭിക്കുന്ന സേവനങ്ങൾക്ക് പുറമേ നേരിട്ടുവിളിച്ചും സഹായം ആവശ്യപ്പെടാറുണ്ട്. രാജവെമ്പാല അടക്കമുള്ള പാമ്പുകൾക്ക് അവയുടെ ജീവിത സാഹചര്യത്തിനനുസരിച്ചുള്ള ശീതീകരണം മുറികളും സംരക്ഷണത്തിൽ ഒരുക്കും. പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പ്രദർശന സൗകര്യവും പരിക്കേൽക്കുന്ന പാമ്പുകൾക്ക് ആവശ്യമായ ആധുനിക ചികിത്സാ സൗകര്യവും കേന്ദ്രത്തിൽ ലഭ്യമാകും.






