ന്യൂയോർക്ക്: ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളെ ശക്തമായി വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ Zohran Mamdani രംഗത്ത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെ നിയമവിരുദ്ധവും വിനാശകരവുമായ അധിനിവേശ യുദ്ധമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം യുദ്ധങ്ങൾ ഉപയോഗിക്കുന്നതെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു.
ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് മേയറുടെ പ്രതികരണം. അമേരിക്കക്കാർക്ക് മറ്റൊരു ഭരണമാറ്റ യുദ്ധം വേണ്ടതില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നഗരങ്ങളിൽ ബോംബ് വർഷിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്ന നടപടികൾ ലോകം തടയണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ആവശ്യമായത് ജീവിതച്ചെലവ് കുറയ്ക്കുന്ന നയങ്ങളും സമാധാനവുമാണെന്ന് അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു.
യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ന്യൂയോർക്ക് നഗരത്തിലെ തന്ത്രപ്രധാന ഇടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എംബസികൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കാൻ പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയതായും മേയർ അറിയിച്ചു.






