ആലപ്പുഴ: പള്ളിത്തോട് പ്രദേശത്ത് അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവത്തിൽ കൊലപാതകമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 75 വയസ്സുകാരിയായ രാധയുടെ മരണം സ്വാഭാവികമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.
അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന മകൻ ഗിരീഷിനെ പൊലീസ് വിട്ടയക്കും. രാധയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരൂഹതയെ തുടർന്ന് ഇന്നലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാധ മരിച്ചതെന്നും, മറ്റാരെയും അറിയിക്കാതെ വീടിന് മുന്നിൽ കുഴിയെടുത്ത് സംസ്കരിച്ചതായും ഗിരീഷ് നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യപാനത്തിന്റെ പേരിൽ അമ്മയുമായി ഇയാൾക്ക് നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഇതാണ് കൊലപാതക സംശയത്തിന് കാരണമായത്. എന്നാൽ അമ്മ സ്വാഭാവികമായി മരിച്ചതാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നും ഗിരീഷ് തുടക്കം മുതലേ പൊലീസിനോട് ആവർത്തിച്ചിരുന്നു.









