പ്രമുഖ തെന്നിന്ത്യൻ നടി ബി സരോജ ദേവി (87) അന്തരിച്ചു. ബംഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. “അഭിനയ സരസ്വതി”, “കന്നഡത്തു പൈങ്കിളി” തുടങ്ങിയ പേരുകളിലാണ് സരോജ ദേവി അറിയപ്പെടുന്നത്.
എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രമാണ് നടിയുടെ കരിയറിലെ വഴിത്തിരിവായത്. 1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ അത് വലിയ ഫാഷൻ ട്രെൻഡുകൾക്കായിരുന്നു വഴിയൊരുക്കിയത്.
എംജിആർ- സരോജാ ദേവി കോമ്പോ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഓൺസ്ക്രീൻ ജോഡികളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. സൂര്യ ചിത്രമായ ആദവനിൽ സരോജ ദേവി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു.






