മലപ്പുറം: വയലിൽ നെൽകൃഷിയുമായി വിദ്യാർത്ഥികൾ കൂടെ അധ്യാപകരും. അരീക്കോട് കുഞ്ഞത്തുമ്മ ബിഎഡ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാരാണ് കൃഷിയുമായി രംഗത്തിറങ്ങിയത്. ഏഴുവർഷമായി ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ നടത്തിവരുന്ന കരനിൽ കൃഷി, പൂക്കൃഷി, ചെറുധാന്യക്കൃഷി എന്നിവയ്ക്കൊപ്പമാണ് നെൽകൃഷിയും തുടരുന്നത്.
“നാളെക്കൊരു കതിർ” എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈസ്റ്റ് വടക്കുമുറിയിലെ രണ്ടേക്കർ വയലിൽ ഞാറു നട്ടത്. ഈ വിദ്യാലയത്തിൽ കൃഷി സിലബസിന്റെ ഭാഗം കൂടിയാണെന്ന് അധികൃതർ പറഞ്ഞു. പ്രാദേശിക കർഷകൻ കോലോത്തും തൊടി അലിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ കൃഷിപാഠം പഠിച്ചെടുക്കുന്നത്. ഞാറു നടീൽ കെ. ടി അലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി. മുഹമ്മദ് ഷാഫി അധ്യക്ഷനായി. അധ്യാപകരായ കെ. എം വിൽമ, കെ. കെ സമീറ, ബെൻസില, സന, അഞ്ചു, എൻ. എസ്. എസ് സെക്രട്ടറി ശദ എന്നിവർ നേതൃത്വവും നൽകി.






