സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കിയ പൊലീസിന്റെ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കുറ്റക്കാരായ പൊലീസുകാരില്‍ നിന്ന് ഈ തുക സംസ്ഥാന സര്‍ക്കാരിന് ഈടാക്കാമെന്നും കോടതി പറഞ്ഞു.
സിവില്‍ തര്‍ക്കങ്ങളില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയെ ചീഫ് ജസ്റ്റിസ് അപലപിച്ചു. ‘സിവില്‍ കേസുകളില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു. മുന്‍പും യുപി പൊലീസിന്റെ സമാന നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു.
യുപിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ദിവസവും സിവില്‍ തര്‍ക്കങ്ങള്‍ എല്ലാം തന്നെ ക്രിമിനല്‍ കുറ്റങ്ങളായി മാറ്റപ്പെടുന്നു. ഇത് നിയമവാഴ്ചയുടെ പൂര്‍ണമായ തകര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് നിയമവാഴ്ച സമ്പൂര്‍ണ്ണമായും തകര്‍ന്നുവെന്നും കോടതി മുന്‍പ് പറഞ്ഞിരുന്നു.
നടപടി തുടര്‍ന്നാല്‍ പിഴയീടാക്കുമെന്നും വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും യുപി ഡിജിപിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, സിവില്‍ തര്‍ക്കങ്ങള്‍ തീരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്നത് കൊണ്ടാണ് ക്രിമിനല്‍ കേസ് വകുപ്പുകള്‍ ചുമത്തുന്നതെന്നായിരുന്നു യുപി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത്തരം രീതികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് മേധാവിക്കെതിരെ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.




