ഇന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗം. 2020 ജൂൺ 14 നാണ് സഹൃത്തുക്കളെയും ആരാധകരെയും കണ്ണീരിലാഴ്ത്തി സുശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ.
ഇപ്പോഴിതാ സുഷണത്തിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് സഹോദരി ശ്വേത സിങ് കീർത്തി. സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാട് വസ്ത്രത്തിന്റേത് അല്ലായിരുന്നുവെന്നും, അതൊരു ചെയിനിന്റെ പാട് ആണെന്നുമാണ് ശ്വേത പറയുന്നത്.
“ഫാനും കട്ടിലിനുമിടയിൽ ഒരാൾക്ക് കാലുകൾ തൂക്കിയിടാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. ആർക്കെങ്കിലും ആത്മഹത്യ ചെയ്യണമെങ്കിൽ, അവർ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? എന്നാൽ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടായിരുന്നില്ല. ഇനി ശരീരത്തിലെ പാടുകൾ നോക്കുകയാണെങ്കിൽ, അതൊരു തുണി മുറുകിയ പാടുകളായി തോന്നുന്നില്ല. ഒരു തുണി പോലെയുള്ള അടയാളമല്ല ഉപയോഗിച്ച വസ്തു ഉണ്ടാക്കിയത്, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടുപോലെയായിരുന്നു.” ശ്വേത സിങ്ങ് പറഞ്ഞു. അൺപ്ലഗ്ഗ്ഡ് ശുഭങ്കർ എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്വേതയുടെ വെളിപ്പെടുത്തൽ.




