വയനാട്: കൽപ്പറ്റ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ദുരന്തബാധിത മേഖലകളായ മുണ്ടക്കൈ, ചൂരൽമല, അട്ടമല വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ടി. സിദ്ദിഖിന് കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷം. ദുരന്തം തകർത്തെറിഞ്ഞ ഈ മേഖലകളിലെ വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിയിൽ വലിയ വിശ്വാസമർപ്പിച്ചു എന്ന സൂചനയാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. മുണ്ടക്കൈ വാർഡിൽ മാത്രം ഇത്തവണ 289 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് സിദ്ദിഖിന് ലഭിച്ചത്. പല ബൂത്തുകളിലും ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ച ആകെ വോട്ടിനേക്കാൾ വലിയ സംഖ്യയാണ് തന്റെ ഭൂരിപക്ഷമെന്ന് ടി. സിദ്ദിഖ് മീഡിയവണിനോട് പ്രതികരിച്ചു. ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ ടി. സിദ്ദിഖ് പ്രസംഗിക്കവെ വേദിയിൽ ഒരു വിഭാഗം ആളുകൾ കൂവലുമായി എത്തിയെങ്കിലും, ദുരന്തബാധിതരായ സാധാരണക്കാർ ആരും തന്നെ അതിനെ പിന്തുണച്ചില്ലെന്നത് വോട്ട് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ ബൂത്തുകളിലും സിദ്ദിഖ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. മുൻപ് അട്ടമലയിൽ 89 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നത് ഇത്തവണ 172 ആയി വർദ്ധിച്ചു. ചൂരൽമലയിൽ 136 വോട്ടിന്റെ ലീഡ് 239 ആയും, മുണ്ടക്കൈയിൽ 150 വോട്ടിന്റെ ലീഡ് 289 ആയുമാണ് ഉയർന്നത്. ഇത് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ദുരന്തബാധിതർ നേരിടുന്ന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കേണ്ടവരുടെ ലിസ്റ്റിൽ നിന്ന് പുറത്തായവരെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾ അടിയന്തരമായി വേഗത്തിലാക്കുമെന്നും ടി. സിദ്ദിഖ് ഉറപ്പുനൽകി. ദുരന്തബാധിത മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഇനിയും ശക്തമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.




