ന്യൂഡൽഹി: തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്ക്കാര്. യാത്രക്കാർക്ക് ടിക്കറ്റുകൾ കൺഫേം ചെയ്യുന്നതിനായി ഇ-ആധാർ വെരിഫിക്കേഷൻ നടപ്പിലാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ആധാർ വെരിഫൈ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമേ ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമുള്ളൂ. ബുക്കിങ്ങിന് ആധാർ അധിഷ്ഠിത ഒടിപി ഓതൻ്റിക്കേഷൻ ആവശ്യമായി വരും. ക്രമക്കേടുകൾ നിയന്ത്രിക്കുന്നതിനായി കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ആധാർ വെരിഫിക്കേഷൻ ആവശ്യമായി വന്നേക്കാം. അതിനാൽ, നിങ്ങളുടെ ഐആർസിടിസി അക്കൗണ്ട് ആധാർ വഴി വേരിഫൈ ചെയ്യുന്നത് നിര്ബന്ധമാകും. പുതിയ സംവിധാനം ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.
മെയ് 24 മുതൽ ജൂൺ 2 വരെയുള്ള ഓൺലൈൻ തത്കാൽ ടിക്കറ്റ് ബുക്കിങ് വിശകലനം ചെയ്തപ്പോൾ, വിൻഡോ തുറന്നതിന് ശേഷം ആദ്യ മിനിറ്റിൽ എസി ക്ലാസ് ടിക്കറ്റുകളിൽ ശരാശരി 5,615 എണ്ണം മാത്രമാണ് ബുക്ക് ചെയ്തത്. എന്നാൽ, രണ്ടാം മിനിറ്റിൽ ഇത് 22,827 ടിക്കറ്റുകളായി ഉയർന്നു. ആദ്യ 10 മിനിറ്റിനുള്ളിൽ 62.5 ശതമാനം ടിക്കറ്റുകളും, ബാക്കിയുള്ള 37.5 ശതമാനം ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മിനിറ്റ് മുതൽ ചാർട്ട് തയ്യാറാക്കുന്നത് വരെയുമാണ് ബുക്ക് ചെയ്തത്.
നോൺ-എസി വിഭാഗങ്ങളിലും സമാനമായ പ്രവണത കണ്ടു. ആദ്യ മിനിറ്റിൽ 4 ശതമാനം ടിക്കറ്റുകളും, രണ്ടാം മിനിറ്റിൽ 17.5 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ആദ്യ 10 മിനിറ്റിനുള്ളിൽ ഏകദേശം 66.4 ശതമാനം ടിക്കറ്റുകൾ വിറ്റുപോയപ്പോൾ, ആദ്യ മണിക്കൂറിനുള്ളിൽ 84.02 ശതമാനം ടിക്കറ്റുകളും വിറ്റുപോയിരുന്നു. വിൻഡോ തുറന്ന് 8 മുതൽ 10 മണിക്കൂറിന് ശേഷവും ഏകദേശം 12 ശതമാനം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.





