ന്യൂഡൽഹി: ഡൽഹിയിലെ ട്യൂഷൻ സെന്ററിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച് വിവാദമായി. കൽക്കാജിയിലെ ‘സുമിത് അക്കാദമി’യിൽ നടന്നതാണെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലാണ് വീഡിയോ പുറത്തുവന്നത്.
വീഡിയോയിൽ അധ്യാപകനായ സുമിത് സെഗാൾ വിദ്യാർത്ഥിയെ തറയിൽ ഇരുത്തി മർദ്ദിക്കുകയും ശാസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇതിനെ തുടർന്ന് സാമൂഹികമാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നു.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി അധ്യാപകനും വിദ്യാർത്ഥിയും രംഗത്തെത്തി. പഴയകാല അധ്യാപനരീതികൾ അഭിനയിച്ച് കാണിക്കാനായി എടുത്ത വീഡിയോ മാത്രമാണിതെന്നും ഇത് യഥാർത്ഥ സംഭവം അല്ലെന്നും ഇരുവരും വ്യക്തമാക്കി.
“ഇത് വ്യാജ വീഡിയോയാണ്. ആരും തെറ്റിദ്ധരിക്കരുത്. അധ്യാപകൻ വളരെ നല്ല വ്യക്തിയാണ്,” എന്ന് വിദ്യാർത്ഥി പ്രതികരിച്ചു. കുട്ടിക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും തങ്ങൾ തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും അധ്യാപകൻ പറഞ്ഞു. അധ്യാപകനെ പിന്തുണച്ച് വിദ്യാർത്ഥിയുടെ പിതാവും വീഡിയോയിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.






