ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാഗഠ്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവിനെയാണ് സഖ്യം മുഖ്യമന്ത്രിപദത്തിനായി തെരഞ്ഞെടുത്തത്. സഖ്യകക്ഷികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തോടെ തന്നെ സഖ്യത്തിന്റെ പോസ്റ്ററുകളും പത്രസമ്മേളന ദൃശ്യങ്ങളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. പത്രസമ്മേളന പോസ്റ്ററിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ലെന്നത് വിവാദമായി. തേജസ്വിയെ മാത്രം ഉൾപ്പെടുത്തിയ പോസ്റ്ററിനെതിരെ ബിജെപി പരിഹാസവുമായി രംഗത്തെത്തി. “കോൺഗ്രസിനെ വിശ്വസിക്കാത്തതിനാലാണ് അവരെ ഒഴിവാക്കിയതെന്ന” പരാമർശങ്ങളാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്.
സ്ഥാനാർഥി പ്രഖ്യാപനത്തോടൊപ്പം സഖ്യത്തിലെ സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണയം എന്നിവയെക്കുറിച്ചുണ്ടായിരുന്ന അനിശ്ചിതത്വം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾ ഇടപെട്ടു. തിരഞ്ഞെടുപ്പ് നിരീക്ഷകനായ അശോക് ഗെലോട്ട് ബിഹാർ ചുമതലയുള്ള കൃഷ്ണ അല്ലവാരുവിനൊപ്പം ചേർന്ന് ആർജെഡി നേതാവ് തേജസ്വിയേയും മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനേയും നേരിൽ കണ്ടു.”
യോഗത്തിനു ശേഷം അശോക് ഗെലോട്ട് , മഹാഗഠ്ബന്ധൻ ഏകകണ്ഠമായും ഐക്യമായും തിരഞ്ഞെടുപ്പിനെ നേരിടുമെന്നും എല്ലാ ആശയക്കുഴപ്പങ്ങളും പരിഹരിച്ചെന്നും വ്യക്തമാക്കി. ചില മണ്ഡലങ്ങളിൽ സഖ്യകക്ഷികൾ തമ്മിൽ നടക്കുന്ന മത്സരങ്ങളെ “സൗഹൃദ പോരാട്ടങ്ങൾ” എന്നു വിശേഷിപ്പിച്ച അദ്ദേഹം, മഹാഗഠ്ബന്ധനിൽ വലിയ തർക്കമില്ലെന്ന് ഉറപ്പിച്ചു.
തേജസ്വി യാദവ് ഇന്ത്യാ ബ്ലോക്കിൽ അഭിപ്രായവ്യത്യാസമോ സംഘർഷമോ ഇല്ലെന്ന് വ്യക്തമാക്കി. സഖ്യം ശക്തമായ സ്ഥാനാർഥികളുമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച ആർജെഡി 143 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടു, അതിൽ 24 പേർ വനിതകളാണ്. ചില മണ്ഡലങ്ങളിൽ ആർജെഡി-കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ നേരിട്ടുള്ള മത്സരം നടത്തും. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. ഫലം നവംബർ 14 ന് പ്രസിദ്ധീകരിക്കും.




