ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിന്റെ ‘മഹാലക്ഷ്മി’ സൗജന്യ ബസ് പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ കോൺഗ്രസ് എംഎൽഎ മൽറെഡ്ഡി രംഗറെഡ്ഡിക്കെതിരെ പ്രതിഷേധം. ഇബ്രാഹിംപട്ടണം എംഎൽഎയായ രംഗറെഡ്ഡി ബസിനുള്ളിൽ രണ്ട് വിദ്യാർഥിനികളുമായി സംസാരിക്കുന്നതിനിടെ ഒരാളുടെ കൈയിൽ പിടിച്ച് അടുത്തേക്ക് വലിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. കൈയിൽ പിടിച്ചപ്പോൾ പെൺകുട്ടി മാറിനിൽക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പിയും ബി.ആർ.എസും എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. പെൺകുട്ടിയോട് എംഎൽഎ അനുചിതമായി പെരുമാറിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബി.ജെ.പി നേതാവ് അരുൺ യാദവ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചു. എംഎൽഎയുടെ നടപടി കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ആർ.എസ് നേതാവ് ആർ.എസ്. പ്രവീൺ കുമാറും സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ കമ്മീഷൻ എംഎൽഎയെ വിളിച്ചുവരുത്തണമെന്നും വനിതാ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ എംഎൽഎ മൽറെഡ്ഡി രംഗറെഡ്ഡി നിഷേധിച്ചു. വിദ്യാർഥിനികളോട് ‘പിതൃതുല്യമായ വാത്സല്യത്തോടെയാണ്’ സംസാരിച്ചതെന്നും ബി.ആർ.എസ് ദൃശ്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് വിദ്യാർഥിനികൾ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ബസ് വളവ് തിരിയുന്നതിനിടെ പകർത്തിയ ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പെൺകുട്ടികളോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും എംഎൽഎ വിശദീകരിച്ചു.




