സേലം: അമ്മയും രണ്ടു മക്കളും താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി അജ്ഞാതൻ പത്തുവയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
ലഹരിക്കടിമയായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കാരണമില്ലാതെയാണ് ആക്രമണം നടന്നതെന്ന് നാട്ടുകാർ പറയുന്നു. ശരീരമാസകലം കുത്തേറ്റ യൂഷ്കന്ദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ സത്യ (45) സേലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ താരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സേലത്ത് കഴിഞ്ഞ ദിവസം മേട്ടൂരിൽ ലഹരി ഉപയോഗിച്ചെത്തിയ നാലംഗ സംഘം ചായക്കടയിൽ അക്രമം നടത്തി ജീവനക്കാരനെ ചില്ലുകുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു. മേഖലയിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർധിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണ് എന്നും നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനവും നൽകിയിട്ടുണ്ട്.







